‘എ.കെ’ – മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും മടുക്കാതെ ഈ ലോക്ക് ഡൗൺ സമയത്ത് കണ്ടിരിക്കാവുന്ന മാസ് എന്റർടെയ്നറാണു അകാലത്തിൽ വിടപറഞ്ഞ സച്ചി രചനയും സംവിധാനവും നിർവഹിച്ച ‘അയ്യപ്പനും കോശിയും’ / ‘എ.കെ.’
മുഖ്യ കഥാപാത്രങ്ങൾക്കിടയിൽ അവിചാരിതമായി മുളപൊട്ടുകയും ക്രമത്തിൽ നീറിപ്പിടിക്കുകയും ചെയ്യുന്ന രൂക്ഷവൈരങ്ങളുടെ രോഷാകുലമായ കഥകൾ സച്ചിയുടെ ഇഷ്ടവിഷയമായിരുന്നു. ‘എ.കെ’യുടെ പ്രമേയവും മറ്റൊന്നല്ല.
സച്ചി എഴുതി ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സിനിമ റിലീസായതും ആവേശകരമായ ചുറ്റുപാടിലാണ്. .’പൃഥ്വിരാജും’ ‘സുരാജും’ തമ്മിലുള്ള നേർക്കുനേർപ്പോരു
പ്രമേയമാക്കിയ ആ സിനിമ
തിയേറ്ററുകളിൽ നിന്ന് പിന്മാറിത്തുടങ്ങിയപ്പോൾ തന്നെ അതിനുള്ളിൽ അതേ കഥാഗതിയെ മറ്റൊരു പരിതസ്ഥിതിയിലേക്ക് പറിച്ചുനട്ട്, അതേ നായകനടനെ കേന്ദ്രമാക്കി മറ്റൊരു സിനിമ ചെയ്ത് വിജയിപ്പിച്ചെടുക്കാൻ സച്ചിയ്ക്ക് സാധിച്ചുവെങ്കിൽ അതയാളുടെ എഴുത്തിന്റെയും
അവതരണത്തിന്റെയും മിടുക്ക് തന്നെയായിരുന്നു.
അട്ടപ്പാടിയുടെ വശ്യസുന്ദര വനദേശങ്ങളിലാണു എ.കെ യുടെ കഥയരങ്ങേറുന്നത്. മദ്യനിരോധിതമേഖലയിൽ കൈവശം മദ്യം വെച്ചുവെന്ന കുറ്റത്തിന്റെ പേരിൽ (വോളന്ററിലി) റിട്ടയേഡ് ഹവിൽദാർ കോശിയെ റിട്ടയർമെന്റിനരികെ നിൽക്കുന്ന എസ് ഐ അയ്യപ്പൻ നായർ അറസ്റ്റ് ചെയ്യുന്നതിനെത്തുടർന്ന് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന കോപത്തിന്റെ കാട്ടുതീപ്പൂക്കൾ തുടർന്നങ്ങോട്ട് മൂന്നുമണിക്കൂർ നേരം സർവ്വതുമെരിച്ചുകൊണ്ട് കത്തിയാളുന്നതാണു എ.കെ.യുടെ പ്രമേയം. രണ്ട് വ്യക്തികൾ എന്നതിനപ്പുറം രണ്ട് ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ഈ പോരാട്ടത്തെ വ്യാഖ്യാനിച്ചെടുക്കുവാൻ സാധിച്ചു എന്നിടത്താണു സച്ചിയുടെ വിജയം. തനി ഫ്യൂഡൽ മാടമ്പിത്തരമാണു കോശിയുടെയും അയാളുടെ പിതാവിന്റെയും പശ്ചാത്തലമെങ്കിൽ കമ്യൂണിസ്റ്റ്, ഹ്യൂമനിസ്റ്റ് പശ്ചാത്തലവും സത്യസന്ധമായ ചുമതലാബോധമാണു അയ്യപ്പൻ നായരുടെ ബലം. കോശിയ്ക്ക് വില്ലൻ പരിവേഷം ലഭിക്കുക എന്നതാണു ഇത്തരം ഘട്ടങ്ങളുടെ സ്വാഭാവികതയെങ്കിലും അയാളിൽ മിന്നിമായുന്ന മനുഷ്യത്വ-കുറ്റബോധമൂല്യങ്ങളെ കൂടി അക്കൊമഡേറ്റ് ചെയ്തും അയാളുടെ പിതാവിലെ തനി മാടമ്പിയെ പ്രൊജെക്റ്റ് ചെയ്തും ഈ പ്രതിസന്ധിയെ മറികടക്കുന്ന സച്ചി, തന്റെ ഇരട്ടനായകന്മാരെ സുരക്ഷിതമായി നിലനിർത്തുന്ന രചനാതന്ത്രം കൈയടിയർഹിക്കുന്നതാണു. ഈ രണ്ട് പ്ലസ് ഒന്ന് ആണുങ്ങൾക്ക് സമാന്തരമായി വരുന്ന രണ്ടു പെണ്ണുങ്ങളുടെ കാര്യത്തിലുമുണ്ട് കൗതുകം. കോശിയെയാണു ഇവർ ഇരുവരും നേരിട്ട് പിടിച്ചുലയ്ക്കുന്നത്. അയ്യപ്പൻ നായരുടെ ഗോത്രവർഗ്ഗക്കാരിയായ ഭാര്യ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വരെ ആരോപിക്കപ്പെടുന്ന ഉശിരുള്ളൊരു സമരനായികയാണു. മദയാനയെപ്പോലെ ഛിന്നംവിളിച്ചു നടന്നിരുന്ന കോശി ആദ്യമായി പകച്ചുപോകുന്നത് അവരുടെ മുൻപിലാണു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരിക്കൽപ്പോലും അവർ പതറുന്നേയില്ല. എന്നാൽ അയ്യപ്പൻ നായരെ കാണുമ്പോൾ പേടിച്ചു വിറച്ചു പോകുന്ന പാവം വീട്ടമ്മയായണു പൊതുവെ കോശിയുടെ ഭാര്യ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ
ഒരു നിർണ്ണായക ഘട്ടത്തിൽ ഭർതൃപിതാവിനെയും പ്രേക്ഷകരെത്തന്നെയും സ്തബ്ധരാക്കുന്ന രീതിയിൽ അവർ നടത്തുന്ന ഒരു പ്രതികരണമാണു കോശിയുടെ ബോധത്തിനുമേൽ പതിക്കുന്ന രണ്ടാമത്തെ പ്രഹരം. കോശിയുടെ നിഴലായി കൂടെ നിൽക്കുന്ന ഡ്രൈവർ കുമാരൻ, വനിതാ പൊലീസ്
ജെസ്സി, പൊലീസ് അസോസിയേഷൻ ഭാരവാഹിയായ യുവസുന്ദരൻ
തുടങ്ങിയ കഥാപാത്രങ്ങളും പ്രത്യേക പരാമർശം അർഹിക്കുന്നു.
പൃഥ്വിരാജ്, ബിജുമേനോൻ, ഗൗരി നന്ദന, രഞ്‌ജിത് എന്നിവർ മുഖ്യവേഷങ്ങളിൽ മികച്ച പ്രകടനമാണു കാഴ്ചവെക്കുന്നത്. അനിൽ നെടുമങ്ങാട്, ഷാജു ശ്രീധർ, അന്ന, അനു മോഹൻ, ജെസിയായി വന്ന നടിതുടങ്ങി മിക്ക അഭിനേതാക്കൾക്കും അഭിനന്ദനീയമാംവിധം പെർഫോം ചെയ്യാൻ അവസരം നൽകുന്ന നല്ല വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സച്ചി സമ്മാനിച്ചിട്ടുണ്ട്. ഫോക് സംഗീതം
സുന്ദരമായി പ്രയോജനപ്പെടുത്തിയ ജെക്സ് ബിജോയിയും മനോഹരമായ ദൃശ്യങ്ങളൊരുക്കിയ സുദീപ് എളമണും രഞ്‌ജൻ അബ്രഹാമും പ്രത്യേകം പ്രശംസയർഹിക്കുന്നു.
കെ. സി. ഷൈജൽ