ഇന്ത്യയിൽ ഏകദേശം 50 ലക്ഷം ശമ്പളക്കാർക്ക് ജൂലൈയിൽ ജോലി നഷ്ടപ്പെട്ടു എന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ വിഭാഗത്തിലെ മൊത്തം തൊഴിൽ നഷ്ടങ്ങളുടെ എണ്ണം 18.9 ദശലക്ഷമായി. അനൗപചാരിക മേഖലയുടെ നേതൃത്വത്തിൽ മൊത്തത്തിലുള്ള തൊഴിൽ നിരക്ക് വർദ്ധിച്ചിട്ടും ഈ സാഹചര്യമാണെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) പറഞ്ഞു. ശമ്പളക്കാർക്കിടയിലെ തൊഴിൽ നഷ്ടത്തിന്റെ ഭീമമായ വർദ്ധന ആശങ്കാജനകമാണെന്നാണ് സി.എം.ഐ.ഇ മുന്നറിയിപ്പ് നൽകുന്നത്.2020 ഏപ്രിലിൽ 17.7 ദശലക്ഷം ശമ്പള ജോലികളും മെയ് മാസത്തിൽ 0.1 ദശലക്ഷം ജോലികളും നഷ്ടപ്പെട്ടതായി സി.എം.ഐ.ഇ ഡാറ്റ കാണിക്കുന്നു. ജൂണിൽ 3.9 ദശലക്ഷം തൊഴിലവസരങ്ങൾ നേടിയെങ്കിലും ജൂലൈയിൽ അഞ്ച് ദശലക്ഷം തൊഴിലുകൾ കൂടി നഷ്ടപ്പെട്ടു.
“ജൂലൈ മാസത്തോടെ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ അവസ്ഥ കൂടുതൽ വഷളായി, ജോലി നഷ്ടം 18.9 ദശലക്ഷമായി ഉയർന്നു,” സി.എം.ഐ.ഇ പറഞ്ഞു
ഇന്ത്യയിലെ എല്ലാ തൊഴിലുകളിലും 21% മാത്രമേ ശമ്പളമുള്ള തൊഴിൽ രൂപത്തിലുള്ളൂവെന്ന് കണക്കാക്കപ്പെടുന്നു, ശമ്പളമുള്ള തൊഴിൽ സാമ്പത്തിക ആഘാതങ്ങളെ കൂടുതൽ പ്രതിരോധിക്കും. തൽഫലമായി, ഏപ്രിലിലെ തൊഴിൽ നഷ്ടത്തിന്റെ 15% മാത്രമാണ് അവർക്കിടയിലെ തൊഴിൽ നഷ്ടം.
“ശമ്പളമുള്ള ജോലികൾ എളുപ്പത്തിൽ നഷ്ടപ്പെടുന്നില്ല, ഒരിക്കൽ നഷ്ടപ്പെട്ടാൽ അവ വീണ്ടെടുക്കാനും വളരെ ബുദ്ധിമുട്ടാണ്. അതിനാൽ, അതിലെ ഭീമമായ വർദ്ധന ആശങ്കയുണ്ടാക്കുന്നു, ” സി.എം.ഐ.ഇ മുന്നറിയിപ്പ് നൽകി. ശമ്പളമുള്ള ജോലികൾ 2019-20 ലെ ശരാശരിയേക്കാൾ 19 ദശലക്ഷം കുറവായിരുന്നു.
ഏപ്രിലിലെ ലോക്ക് ഡൗണിന്റെ ആദ്യം 121.5 ദശലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടതായി സി.എം.ഐ.ഇ നേരത്തെ കണക്കാക്കിയിരുന്നു. ഈ നഷ്ടം മെയ് മാസത്തിൽ 100.3 ദശലക്ഷമായി കുറഞ്ഞു, ഇത് ജൂണിൽ 29.9 ദശലക്ഷമായി, ജൂലൈയിൽ വെറും 11 ദശലക്ഷമായി.ഏപ്രിലിൽ, തൊഴിൽ ചെയ്യുന്നവരിൽ 30% പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു, ജൂലൈ ആയപ്പോഴേക്കും 3% ൽ താഴെ മാത്രം ആളുകൾക്കേ അവരുടെ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടുളളൂ, അത് 11 ദശലക്ഷമാണ്. എന്നിരുന്നാലും അത് കാര്യമായ തിരിച്ചടിയാണ് എന്ന് സി.എം.ഐ.ഇ പറഞ്ഞു. സി.എം.ഐ.ഇയുടെ അഭിപ്രായത്തിൽ, സമ്പദ്‌വ്യവസ്ഥ ലോക്ക് ഡൗണിൽ നിന്ന് അൺലോക്കിലേക്ക് കടന്നത് ജോലികളുടെ വീണ്ടെടുക്കലിന് കാരണമായി.