കെ എസ് ആർ ടി സിയുടെ ബെല്ലിന് ഒരു പ്രത്യേക താളമുണ്ട്. ഒട്ടും മുഴങ്ങാത്ത, കേൾക്കുന്നവരെ അലോസരപ്പെടുത്താത്ത എന്നാൽ അതിന്റെ കർത്തവ്യം നിർവഹിക്കുന്ന ഒരു ലളിത താളം. ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഉപാദി എന്നതിലുപരിയായി അനേകം ജീവനും കൊണ്ട് കുതിച്ചും കിതച്ചുമോടുന്ന കെ എസ് ആർ ടി സി ബസ്സിന്റെ നിയന്ത്രണം ഈ ബെല്ലിലാണ് എന്ന് വേണമെങ്കിൽ പറയാം. എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ മണി എന്ന വജ്രായുധം.
ഇത് പോലെ തന്നെയാണ് ഹാരിസിന്റെ ഡബിൾ ബെൽ എന്ന പുസ്തകവും. ലളിതമായ ഭാഷയിൽ, ഒരു വാക്കുപോലും വെട്ടിമാറ്റപ്പെടാൻ പറ്റാത്ത, എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിൽ സാധ്യമാക്കുന്ന, കുതിച്ചും കിതച്ചും ഓടുന്ന ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം. പക്ഷെ, ഇവിടെ ‘മണി’ക്ക് പകരം വാക്കുകൾ ആണ് ഹാരിസിന്റെ വജ്രായുധം.
കെ എസ് ആർ ടി സി യിൽ അധികമൊന്നും യാത്ര ചെയ്തിട്ടില്ലാത്ത ആളെന്ന നിലയിൽ എനിക്ക് ഹാരിസിന്റെ വൈവിധ്യമാർന്ന അനുഭവങ്ങൾ പുതിയ പുതിയ അറിവുകൾ ആണ് സമ്മാനിച്ചത്. “ഒരു പണി കിട്ടാൻ എളുപ്പമല്ല. പക്ഷെ കിട്ടിയ പണി പോയിക്കിട്ടാൻ എളുപ്പമാണ്” എന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നത് കൊണ്ടാണ് കെ എസ് ആർ ടി കണ്ടക്ടർമാർ ചിരിക്കാത്തത് എന്ന് ഇന്നെനിക്കറിയാം. പുറപ്പെടെലിനും എത്തിച്ചേരലിനുമിടയിൽ അനേകം ദുരിതങ്ങൾ ഒളിഞ്ഞിരിക്കുന്ന ‘തീർപ്പും തീർച്ചയുമില്ലാത്ത” യാത്രയാണ് ഓരോ ട്രിപ്പും എന്ന് ഇന്നെനിക്കറിയാം, ബസ്സിലെ ഹീറോ ആയ ഡ്രൈവര്മാരോട് മോശമായി പെരുമാറുമ്പോൾ അയാളോട് മാത്രമല്ല യാത്രക്കാരോടും, അവരുടെ ജീവനോടും കൂടിയാണ് നമ്മൾ മോശമായി പെരുമാറുന്നത് എന്ന് ഇന്നെനിക്കറിയാം. ചില്ലറ ഇല്ലാത്തതിന്റെ, സംവരണ സീറ്റുകൾ ഒഴിഞ്ഞു കൊടുക്കാൻ മടികാണിക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചു ഇന്നെനിക്കറിയാം. തോണ്ടലും കുത്തലും, ജാക്കി വെക്കലും പോലെ തന്നെ മനോരാഗമാണ് വിഘ്നങ്ങൾ ഒഴിയാനുള്ള ഏലസ്സുകൾ എന്നും ഇന്നെനിക്കറിയാം.
സുരക്ഷിതമായ ബസ്സ് യാത്ര എന്ന് പറയുമ്പോൾ ഒട്ടും സംശയമില്ലാതെ അത് കെ എസ് ആർ ടി സിയിൽ തന്നെ ചെന്നെത്തും. യാത്രക്കാരിക്ക് കാവൽ നിന്ന ബസ്സും, യാത്രക്കാർക്ക് വേണ്ടി തിരിഞ്ഞോടുന്ന ബസ്സും, തുല്യ നീതി നടപ്പിലാക്കുന്നതും വായനക്കാരിൽ കെ എസ് ആർ ടി സി യോടുള്ള സ്നേഹബഹുമാനങ്ങൾ കൂട്ടുമെങ്കിൽ, കണ്ടക്ടർ കയറാതെ ലക്ഷ്യത്തിലേക്ക് പോയ ബസ്സും, പാതിവഴിയിൽ ബസ്സ് നിർത്തി തൂറാൻ ഓടിയ ഡ്രൈവറും, അത് തിരഞ്ഞു പോയ കണ്ടക്ടറും, ഇരുട്ടിൽ കാട്ടിലേക്ക് ഉരുണ്ടുപോയ ടയർ വേട്ടയാടി പിടിച്ചതും, എരുമേലി സ്റ്റാൻഡിലെ കൂട്ട പ്രാർത്ഥനയും, ബത്തേരി ഡിപ്പോയിലെ എഴുത്തുകാരന്റെ സ്വഭാവമുള്ള കുരങ്ങന്മാരും (അടി ഞാൻ നാട്ടിൽ വന്നു വാങ്ങിക്കോളും പാർസൽ അയക്കേണ്ട) ചിരിക്കാൻ ഏറെ വകയുണ്ടാക്കും.
കെ എസ് ആർ ടി സി യിൽ നിന്നും ഇറങ്ങിയെങ്കിലും, ഡബിൾ ബെൽ കേട്ട ഡ്രൈവറെ പോലെ, കഴുത്തിൽ ടിക്കറ്റ് യന്ത്രം തൂക്കിയിട്ട, ഉത്തരവാദിത്തം പേറുന്ന
കണ്ടക്ടറെ പോലെ, തൃശൂർ റൗണ്ടിനും ചുറ്റും വഴിതെറ്റി ഓടിയ ബസ്സുപോലെ ഇപ്പോഴും ഓടുന്നുണ്ട് എഴുത്തുകാരൻ. പക്ഷെ, എഴുതിക്കൂട്ടിയ പുസ്തകങ്ങളിലെ വാക്കുകൾക്കും, വായിച്ചു തീർത്തവർ പങ്കുവെക്കുന്ന സ്നേഹത്തിനും ഇടയിൽ ഇനിയും ഒരുപാട് അറിവും അനുഭവങ്ങളും പങ്കുവെക്കാൻ വേണ്ടിയുള്ള, വഴിതെറ്റാത്ത ഒരോട്ടമാണത്.
ഡബിൾ ബെല്ലും, ‘ആൾവാർ ചന്ദന’യും, ‘ഭൂമി അളെന്നെടുക്കുന്നതിലെ വൈഷമ്യങ്ങളും’ വായിച്ച അതെ ആവേശത്തോടെ, അല്ലെങ്കിൽ അതിനേക്കാൾ ആവേശത്തോടെയാണ് ഇനി ‘മാജി’യും, ‘വിൻഡോ സീറ്റും’, ‘പൊൻകുഴി കാട്ടിലെ വിശേഷങ്ങളും’ വായിക്കാനിരിക്കുക. ഒപ്പം പണിപ്പുരയിലുള്ള ‘ഒഴിവ് പാഠം’ എത്രയും പെട്ടെന്ന് ഒരു കെഎസ്ആർടിസിയിൽ കയറ്റി ഡൽഹിയിലേക്ക് വിടണം എന്നും അഭ്യർത്ഥിക്കുന്നു.
റിവ്യൂ എഴുതിയത്ഃ രാജേഷ് കുമാർ