മലയാളഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ കനത്ത സംഭാവനകൾ അർപ്പിച്ച വിദേശപണ്ഡിതന്മാരും ഗവേഷകരും ഒട്ടേറെയാണ്. മലയാളത്തിലെ ആദ്യകാല നിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും ഏറെയും തയ്യാറാക്കിയത് വിദേശീയരായ ഭാഷാപണ്ഡിതന്മാരാണ്. റവ: ബഞ്ചമിൻ ബെയ്ലി രചിച്ച ‘എ ഡിക്ഷണറി ഓഫ് ഹൈ ആൻറ് കൊലേക്യൽ മലയാളം (1846) ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാള പദങ്ങളുടെ അർത്ഥം ഇംഗ്ലീഷിലാണ് ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്. റിച്ചാർഡ് കോളിൻസിൻ്റെ മലയാളനിഘണ്ടു വാണ് (1856) മലയാള വാക്കുകൾക്ക് മലയാളത്തിൽ തന്നെ അർത്ഥം നൽകി രചിച്ച ആദ്യത്തെ നിഘണ്ടു. അർണോസ് പാതിരിയുടെ മലയാളം -പോർച്ചുഗീസ് നിഘണ്ടു ഏറെ പ്രസിദ്ധമാണ്. എന്നാൽ ശാസ്ത്രീയമായി തയ്യാറാക്കിയ ആദ്യത്തെ മലയാളം നിഘണ്ടു ഗുണ്ടർട്ടിൻ്റെ ‘മലയാളം – ഇംഗ്ലീഷ് നിഘണ്ടു (1872) വാണ്.
മലയാള ഭാഷയുടെ വ്യാകരണ സംബന്ധിയായ ആദ്യകാല കൃതികൾ ഏറെയും രചിച്ചത് വിദേശികളാണ്. ആഞ്ചലോസ് ഫ്രാൻസിസ്, കാൾഡ്വൽ, ഹെർമൻ ഗുണ്ടർട്ട് , അർണോസ് പാതിരി, ക്ലമൻറ് പാതിരി തുടങ്ങിയ പാശ്ചാത്യ മിഷനറിമാരാണ് അവരിൽ പ്രമുഖർ.
1700-ൽ വാരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ.ആഞ്ചലോസ് ഫ്രാൻസിസാണ് ഇന്നറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ മലയാള വ്യാകരണഗ്രന്ഥം രചിച്ചത്. സംസ്കൃതത്തെ ആശ്രയിച്ച് അർണോസ് പാതിരി പോർട്ടുഗീസ് ഭാഷയിൽ ഒരു മലയാളവ്യാകരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷുകാരനായ റോബർട്ട് ഡയമണ്ട് ‘ മലയാളഭാഷയുടെ വ്യാകരണം ‘ എന്നൊരു കൃതി 1799 – ൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1851 – ലാണ് ഗുണ്ടർട്ട് തന്റെ ” മലയാളഭാഷാവ്യാകരണം ‘ പ്രസിദ്ധീകരിച്ചത് . കാൾഡ്വെലിന്റെ ” ദ്രാവിഡ ഭാഷാവ്യാകരണം ‘ , സ്കൂൾ ഇൻസ്പെക്ടറായിരുന്ന ഗാർത്ത് വെയിറ്റിന്റെ ‘വ്യാകരണം ചോദ്യോത്തരം’ എന്നിവ ആദ്യകാല വ്യാകരണഗ്രന്ഥങ്ങളിൽ പ്രാമുഖ്യം വഹിക്കുന്നവയാണ്.
മലയാള ഭാഷയെയും സാഹിത്യത്തേയും ക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയിട്ടുള്ള ഒട്ടേറെ വിദേശികളുണ്ട്. പുതു തലമുറയിൽ, ഈ ധാരയിൽ എടുത്തു പറയേണ്ട പേരാണ് സ്കോട്ട്ലാൻ്റിലെ ഗ്ലാസ് ഗോ യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ഒഫീറാ ഗംലിയേൽ. ഇസ്രയേൽ സ്വദേശിയായ (മാതൃഭാഷ: ഹീബ്രു) ഒഫീറയുടെ ഗവേഷണ മേഖലയിൽ മലയാള ഭാഷയും അറബി – മലയാളവും ജൂത മലയാളവും കേരള സംസ്ക്കാരവും ചരിത്രവുമെല്ലാം ഉൾപ്പെടുന്നു.
ഹീബ്രു, ഇംഗ്ലീഷ് ഭാഷകൾ കൂടാതെ അറബി, സംസ്കൃതം, മലയാളം,ഹിന്ദി, തമിഴ് ഭാഷകളിൽ ഗ്രാഹ്യമുണ്ട്, ഒഫീറയ്ക്ക്.
Jewish Malayalam Women’s Songs നെപ്പറ്റിയായിരുന്നു പി.എച്ച് ഡി.( 2010)
( David Shulman ൻ്റെ കീഴിൽ HebrewUniversity യിൽ). അതിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രമുഖ ഭാഷാ പണ്ഡിതനായ ഡോ.വേണുഗോപാല പ്പണിക്കർ സാറിൻ്റെ കീഴിൽ പോസ്റ്റ് ഡോക്ടറൽ സ്റ്റഡി നടത്തി. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഒഫീറ.
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച A linguistic survey of the Malayalam language in its own terms എന്ന ഒഫീറയുടെ പഠനഗ്രന്ഥം എടുത്തു പറയേണ്ടതാണ്. മലയാള ഭാഷയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ പഠനവിധേയമാക്കുന്ന ഈ കൃതി മലയാളഭാഷ പഠിക്കുവാനുദ്ദേശിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാവും.
കേരളത്തിന്റെ ഭാഷ, സാഹിത്യം, ചരിത്രം, സംസ്കാരം എന്നിവ പഠിക്കാൻ താൽപ്പര്യമുള്ള ഗവേഷകരെ മുന്നിൽ കണ്ടു കൊണ്ടാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വ്യാകരണ പണ്ഡിതന്മാർ വികസിപ്പിച്ചെടുത്ത മലയാള വ്യാകരണ തത്വങ്ങളോടൊപ്പം സമകാലിക ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളേയും മുൻനിർത്തി മലയാള വ്യാകരണത്തിന്റെ രൂപരേഖ വിശദമാക്കുകയാണ് ഈ കൃതി. പഴയ മലയാള വ്യാകരണ ക്യതികളേറെയും തമിഴ്, സംസ്‌കൃത വ്യാകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുസ്തകമാകട്ടെ, പ്രാദേശിക ഭാഷാ വ്യതിയാനങ്ങളെ ആഴത്തിൽ പഠന വിധേയമാക്കുന്നുണ്ട്. ഈ പുസ്തകത്തിൽ വ്യാകരണ വിഭാഗങ്ങളും നിയമങ്ങളും വ്യക്തമാക്കുന്ന ഉദാഹരണങ്ങളേറെയും യഥാർത്ഥ സംഭാഷണ ശകലങ്ങളിൽ നിന്നാണ് എടുത്തിരിക്കുന്നത്.
മലയാള ഭാഷയുടെ രൂപവത്കരണത്തെക്കുറിച്ചുള്ള മൂന്ന് അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഉണ്ണിനീലി സന്ദേശം, കൃഷ്ണഗാഥ, തെയ്യം ഗാനം, അറബി – മലയാളം, ജൂത-മലയാളം വാക്യങ്ങൾ, സിറിയക് മലയാളം ഗദ്യം എന്നിവ യിലെ മലയാളത്തെ ഈ കൃതി പ0ന വിധേയമാക്കുന്നു.
കേരളത്തിന്റെ സമൃദ്ധമായ ഭാഷാപരമായ ഭൂപ്രകൃതിയെക്കുറിച്ചും ഭൂതകാലത്തെയും വർത്തമാനകാലത്തെയും വൈവിധ്യമാർന്ന സാഹിത്യ സംസ്കാരത്തെയും പറ്റിയുള്ള ആഴത്തിലുള്ള ഇടപെടലിനുള്ള ഒരു ക്ഷണമാണ് ഈ കൃതി.
(ഒഫീറയിൽ നിന്ന് കൃതി ഏറ്റുവാങ്ങുന്നത് പ്രമുഖ എഴുത്തുകാരനും ഗവേഷകനും പണ്ഡിതനുമായ Torsten Tschacher. വേദി :ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി.)
എഴുതിയത്ഃ ഡോ.അസീസ് തരുവണ