ഒരു രാഷ്ട്രത്തിൻ്റെ ഭാവി നിർണയിക്കുന്നത് ക്ലാസ്സ് മുറികളാണെന്ന് പറയാറുണ്ട്. കോത്താരി കമ്മീഷൻ റിപ്പോർട്ട് ആരംഭിക്കുന്നത്, The destiny of India is being shapped in our classrooms എന്ന ചിന്തനീയമായ വാചകത്തോടെയാണ്.
സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യാന ന്തര ഘട്ടത്തിലും രാജ്യം രൂപപ്പെടുത്തിയ വിദ്യാഭ്യാസനയം, രാജ്യത്തിൻ്റെ ഭാവിയെ മുമ്പിൽ കണ്ടു കൊണ്ടുള്ളതും ഏറെ പ്രതീക്ഷാനിർഭരവുമായിരുന്നു.
നയം രൂപപ്പെടുത്തുമ്പോൾ വ്യക്തിയുടെ സമഗ്രവികസന (All round development) മെന്ന ഗാന്ധിയൻ വിദ്യാഭ്യാസ സമീപനം അന്നേറെ സ്വാധീനം ചെലുത്തിയിരുന്നു.
1980 കളുടെ ആരംഭത്തിൽ പൗലോഫ്രയറിൻ്റെ മർദ്ദിതരുടെ ബോധന ശാസ്ത്രം (pedagogy of the oppressed) പോലുള്ള കൃതികൾ പോലും നമ്മുടെ ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്നു. Education is a cultural activity which lead to freedom എന്ന വാക്യം നാമേറെ ആവേശത്തോടെ ഏറ്റുപറഞ്ഞു.
എന്നാൽ 1990 കളോടെ കേന്ദ്ര ഗവൺമെൻ്റ് ആഗോളവത്കരണ നയങ്ങൾ അടിച്ചേൽപ്പിച്ചു തുടങ്ങിയതോടെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യവത്കരണവും കച്ചവടവത്കരണവും മുഖ്യ അജണ്ടയായി മാറി (അതിനു മുമ്പേ അതാരംഭിച്ചിരുന്നു തുടങ്ങിയിരുന്നു എന്ന യാഥാർത്ഥ്യം നിഷേധിക്കുന്നില്ല)
1990കളോടെയാണ് പ്രധാനമായും നമ്മുടെ വിദ്യാഭ്യാസ നയം കമ്പോളത്തിനനുസരിച്ച് ക്രമീകരിച്ചു തുടങ്ങിയത്. അതോടെ വിദ്യാഭ്യാസത്തിൻ്റെ നിർവചനം, ഒരു ജോലി നേടാനുള്ള ഉപാധി എന്നായി ചുരുങ്ങി. രക്ഷിതാക്കൾക്കാവട്ടെ, പണം കായ്ക്കുന്ന മരമായി മക്കൾ മാറണമെന്ന സ്വപ്നം തീവ്രമായി. അതോടെ, കോഴ്സുകൾക്ക് ചേരുമ്പോൾ അന്തർദേശീയ മാർക്കറ്റിലെ ഏറ്റവും സാധ്യതയുള്ള വിഷയങ്ങൾ മാത്രമായി നമ്മുടെ പരിഗണന. ഭരണ വർഗ്ഗം ഇതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.
ഡോ.കോത്താരിയെപ്പോലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാർക്ക് പകരം ബിർള അംബാനിമാരും സാമ്രാജ്യത്വ, ഫാസിസ്റ്റ് ഏജൻറുമാരായ കസ്തൂരി രംഗന്മാരുമാണി ന്ന് വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നത്.
അവർ രൂപപ്പെടുത്തിയ വിദ്യാഭ്യാസ നയം രാജ്യം നാളിതുവരെ ഉയർത്തിപ്പിടിച്ച ഭരണഘടനാ മൂല്യങ്ങളെ തകർക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഭാവി ഇന്ത്യയെ സ്വദേശീ,വിദേശികുത്തകകൾക്ക് തീരെഴുതി കൊടുക്കുന്നതും മതേതര ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയുന്നതുമാണ് കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം.
പുതിയ വിദ്യാഭ്യാസ നയം
…………… ………… ………..
ജൂലൈ 30ന്, കെ.കസ്തൂരി രംഗൻ അധ്യക്ഷനായുള്ള സമിതി കേന്ദ്ര ഗവൺമെൻ്റിന് മുമ്പാകെ സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള കരട് രേഖയിലെ പുരോഗമനപരമെന്ന് പെട്ടെന്ന് തോന്നാവുന്ന കാര്യങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാധ്യമ ചർച്ചകളിൽ മുഴങ്ങി കേട്ടത്.
നമ്മുടെ രാജ്യത്തിൻ്റെ ഫെഡറൽ സിസ്റ്റത്തെ തകർക്കുന്നതും വിദ്യാഭ്യാസ മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതും വിദ്യാർത്ഥികളുടെ ഭാവിയെ പലവിധത്തിൽ തകർക്കുന്നതുമായ കാര്യങ്ങൾ എന്തുകൊണ്ടോ അർഹിക്കുംവിധം ചർച്ച ചെയ്തു കണ്ടില്ല.
ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന, വിദ്യാഭ്യാസ മേഖലയിൽ പ്രയോഗവത്കരിക്കേണ്ട കാവിവൽക്കരണ-കച്ചവടപ്രക്രിയകൾ ത്വരിതഗതിയിൽ നടപ്പിലാക്കുവാനുള്ള ഹീനശ്രമമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം(2020).
നമ്മുടെ പ്രകൃതിവിഭവങ്ങൾ സ്വദേശി-വിദേശി കുത്തകകൾക്ക് കൊള്ളയടിക്കാൻ പാകത്തിൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ കസ്തൂരിരംഗൻ എന്ന ഭരണ വർഗ്ഗത്തിൻ്റെ ഇഷ്ട തോഴനെ തന്നെയാണ് പുത്തൻ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുവാൻ നിയോഗിച്ചത് എന്നത് യാദൃശ്ചികമല്ല.
വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ,പുതിയ വിദ്യാഭ്യാസ നയം
നിയോ-ലിബറൽ ആശയങ്ങളിൽ അധിഷ്ടിതമാണ്. അന്തർദേശീയ മാർക്കറ്റിനാവശ്യമായ തൊഴിൽ സേനയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് NEP 2020 ന്റെ ലക്ഷ്യങ്ങളിൽ മുഖ്യം.
ഇതാകട്ടെ, സാമ്രാജ്യത്വ ശക്തികളുടേയും ദേശീയ വൈദേശിക കുത്തകകളുടേയും മൂലധന താല്പര്യങ്ങൾക്കനുസരിച്ചുള്ളതാണ്. അവർക്കാവശ്യമായ വിധത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഘടനയിലും ഉള്ളടക്കത്തിലുമുള്ള സമഗ്രമായ പുതുക്കി പണിയലുകളാണ് പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തിലെ ചില നിർദ്ദേശങ്ങൾ ഇങ്ങനെ ചുരുക്കാം:
മാനവിക വിഷയങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്നു.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന ആകർഷണീയമായ പദമുപയോഗിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറെ പ്രാധാന്യമുള്ള ഒട്ടേറെ വിഷയങ്ങളെ നിഷ്കാസനം ചെയ്യുകയോ അപ്രധാനീ കരിക്കുകയോ ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർട്സ്-സയൻസ് വിദ്യാഭ്യാസ രീതിയെ ഇല്ലായ്മ ചെയ്ത് മൾട്ടിഡിസിപ്ലിനറി എന്ന രീതി കൊണ്ടുവരും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ ശാസ്ത്ര മാനവിക വിഷയങ്ങൾക്ക് പ്രധാന്യം കുറച്ചു വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാകുകയും മൾട്ടി ഡിസിപ്ലിനറിയാകുകയും ചെയ്യുന്നതോടെ പ്രതികരണ ശേഷിയുള്ള പൗരന്മാർക്ക് പകരം വിധേയത്വമുള്ള കേവല തൊഴിൽ സേനയെ മാത്രമാവും സൃഷ്ടിക്കുക.
തൊഴിലധിഷ്ഠിത ബിരുദത്തെ മുഖ്യധാരാ ബിരുദവുമായി ലയിപ്പിക്കൽ ,എപ്പോൾ വേണമെങ്കിലും കൊഴിഞ്ഞുപോകാൻ വിദ്യാർത്ഥികൾക്ക് അവസരം നല്കുന്ന നാലു വർഷ ബിരുദം എന്നിവയുടെയൊക്കെ ലക്ഷ്യം അത്രമേൽ നിഷ്കളങ്കമല്ല.
സാമൂഹ്യ-സാമ്പത്തിക മേഖലയിൽ മേൽതട്ടിൽ നിൽക്കുന്നവർക്ക് ഡിഗ്രി പൂർത്തിയാക്കുവാനും ഉന്നത ജോലികൾ കരസ്ഥമാക്കുവാനും, പിന്നോക്കസ്ഥയിലുള്ളവർ ഒന്നോ രണ്ടോ വർഷം മാത്രം പഠിച്ചു വൈദഗ്ധ്യ (Skill) സർടിഫിക്കറ്റോ, ഡിപ്ലോമ സർട്ടിഫിക്കറ്റോ മാത്രം കരസ്ഥമാക്കുകയും ചെയ്യുന്ന രണ്ടു തരം പൗരന്മാരെ ഈ നയത്തിലൂടെ സൃഷ്ടിക്കും.
RSS ൻ്റേയും അവരുടെ സാമ്പത്തിക സോഴ്സായ കോർപ്പറേറ്റുകളുടേയും അജണ്ടകൾ ഒന്നിച്ചു നടപ്പിലാക്കാനാവുന്നു എന്നതാണ് പുതിയ എഡ്യുക്കേഷൻ പോളിസിയുടെ എടുത്തു പറയേണ്ട സവിശേഷത.
നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഴയ രൂപത്തിൽ ഇനി ഉണ്ടാവില്ല. അതേ സമയം,നൂറോളം വിദേശ യൂണിവേഴ്സിറ്റികൾക്കു ഇന്ത്യയിലേക്ക് വാതിൽ തുറന്നു കൊടുക്കാനുള്ള നീക്കം തകൃതിയായി അണിയറയിൽ നടക്കുകയും ചെയ്യുന്നു. നിലവിലുള്ള യൂണിവേഴ്സിറ്റികളുടെ ഘടനയും സ്വയം ഭരണ പദവിയുമൊക്കെ ഇല്ലാതാക്കി അവയെ നിഷ്പ്രഭമാക്കിയാലേ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് സുഗമമായി മൂലധനശക്തികൾക്ക് കടന്നു വരാൻ കഴിയുകയുള്ളു. അതിനുള്ള പാതയൊരുക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കോളേജുകൾക്ക് ക്വാളിറ്റി പരിഗണിക്കാതെ തന്നെ ആദ്യപടിയായി അക്കാദമിക് ഓട്ടോണമി പദവിയും തുടർന്ന് ഫിനാൻഷ്യൽ ഓട്ടോണമി പദവിയും നൽകി കൊണ്ട് സ്വകാര്യവത്കരണത്തെ സമ്പൂർണമാക്കുവാനുള്ള ശ്രമമാണിപ്പോൾ തകൃതിയായി നടക്കുന്ന മറ്റൊരു കാര്യം. സാധാരണക്കാർക്ക് അതോടെ ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകും. സ്വകാര്യ മേഖലയിൽ സംവരണം പോലുള്ള ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല.ഇന്ത്യയിലെ ദരിദ്ര അധ:സ്ഥിത, ദലിത്, ആദിവാസി വിഭാഗങ്ങൾ ഏറെക്കുറെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് നിഷ്കാസിതരാകും…
ഏറ്റവും അപകടകരമായ മറ്റൊരു കാര്യം,
നാളിതുവരെ രാജ്യം കാത്തു സൂക്ഷിച്ച ലിബറൽ മൂല്യങ്ങളെ തച്ചുടച്ച് വർഗീയ അജണ്ടകൾ നടപ്പിലാക്കുവാൻ സിലബസുകളെ ഉപയോഗിക്കും എന്നതാണ്. ഇന്ത്യയുടെ പാരമ്പര്യം ബ്രാഹ്മണ്യം മാത്രമായിരുന്നു എന്ന് അതിലൂടെ സ്ഥാപിക്കും. ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ പാഠ്യപദ്ധതിയിലൂടെ അടിച്ചേൽപ്പിക്കുവാനുള്ള കുറുക്കുവഴികളാണ് NEP 2020 മുന്നോട്ടു വയ്ക്കുന്ന പല നിർദ്ദേശങ്ങളും.
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യം, മതേതരത്വം, ജനാധിപത്യം, സമത്വം പോലുള്ള ഭരണഘടനാ മൂല്യങ്ങളെപ്പറ്റി വിദ്യാഭ്യാസ നയരേഖയിൽ പരാമർശങ്ങളില്ലെന്ന കാര്യമാണ്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സിലബസുകൾ വെട്ടിച്ചുരുക്കിയപ്പോൾ ആദ്യം പുറത്തായതും ഇത്തരം ആശയങ്ങളായിരുന്നുവല്ലോ. ഈ വെട്ടിച്ചുരുക്കലുകൾ ഒരു ‘ടെസ്റ്റ് ഡോസി’ൻ്റെ ഭാഗമായിരുന്നു എന്ന് വ്യക്തം.
നയരേഖയനുസരിച്ച്, സിലബസ് നിർമ്മിക്കുന്നതിൽ ഇനി യൂണിവേഴ്സിറ്റികൾക്ക് കാര്യമായ സ്വാതന്ത്യമുണ്ടായിരിക്കില്ല. ദേശീയ താൽപര്യം എന്നൊക്കെയുള്ള പദാവലികൾ ഇയോഗിച്ച് ഹിന്ദുത്വ അജണ്ടകൾ അടിച്ചേൽപ്പിക്കപ്പെടും. സംസ്കൃതം അടിച്ചേൽപ്പിക്കുവാനുള്ള ശ്രമം അതിൻ്റെ ഭാഗമാണ്.
നിലവിലുള്ള യുജിസി, എഐസിടി സംവിധാനങ്ങൾ ഇനിയുണ്ടായിരിക്കില്ല.
പകരം പ്രധനമന്ത്രി അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷനായിരിക്കും ഉണ്ടാവുക. അതോടെ സാമ്പത്തിക അക്കാദമിക ഗുണനിലവാരപരിശോധനാധികാരങ്ങൾ മോദിയുടെ കൈപിടിയിൽ ഒതുങ്ങും. അതോടെ ആർ. എസ്.എസ് അജണ്ടകൾ മറയില്ലാതെ നടപ്പിലാക്കുവാനാകും.
കോവിഡ് കാലത്തെ മറയാക്കി ഭരണകൂടം എല്ലാ ഫാസിസ്റ്റ് – കോർപ്പറേറ്റ് അജണ്ടകളും നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.ഇതിനെ ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ രാജ്യം കനത്ത വില നൽകേണ്ടി വരും…
ഡോ.അസീസ് തരുവണ